Wednesday 18 August 2010

തലവര!


വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ട് 62 മത്തെ വയസ്സില്‍ അമ്മയായായ തന്‍റെ ഭാഗ്യത്തെ പുകഴ്ത്തിയ പഴയ പേപ്പര്‍ കട്ടിങ്ങുകളില്‍ നിന്നും കണ്ണും മനവും എടുക്കുമ്പോള്‍, എന്നോ ഉപേക്ഷിച്ച ഭര്‍ത്താവും തന്നെ ഗര്‍ഭിണിയാക്കാനുള്ള കോണ്ട്രാക്റ്റ് ഭംഗിയായി അവസാനിപ്പിച്ച് 'ബില്ലും' വാങ്ങിപ്പോയ 26 കാരനും ആയിരുന്നില്ല അവരുടെ മനസ്സില്‍. ചിന്തയില്‍ നിന്നുണര്‍ന്ന അവര്‍, തന്‍റെ അടുത്ത് കളിച്ചു കൊണ്ടിരുന്നിരുന്ന മൂന്നു വയസ്സുകാരനെ കണ്ടില്ല.! അവന്‍റെ, അമ്മേ എന്ന വിളി കേട്ടില്ല.! ഒടുവില്‍ അകത്തെ കുളിമുറിയില്‍ വെള്ളം നിറച്ച ബക്കറ്റില്‍ ഉയര്‍ന്നു നിന്ന കുഞ്ഞിക്കാലുകള്‍ കണ്ട അവര്‍ ഒരിക്കല്‍ കൂടി ദൈവത്തെ ശപിച്ചുപോയപ്പോള്‍ ദൈവം പറയാതെ പറഞ്ഞിരിക്കണം.... അത് നിന്‍റെ 'തലവര' എന്ന്.

30 comments:

ആളവന്‍താന്‍ said...

ബിജുകുമാര്‍ ആലക്കോട് എഴുതിയ
ആയമ്മ എന്ന കഥയാണ്‌ ഭാഗ്യവതിയും അതിലേറെ നിര്‍ഭാഗ്യവതിയുമായ ഈയമ്മയെ ഓര്‍മിപ്പിച്ചത്.

ശ്രീ said...

തലവര തന്നെ...

Akbar said...

കഥ ചുരുക്കി പറയാനുള്ള ശ്രമത്തെ അഭിനന്ദിക്കുന്നു. ഈ കഥ ഞാന്‍ ഇങ്ങിനെ ഒന്ന് പറഞ്ഞു നോക്കി. വിരോധമില്ലല്ലോ.
--------------------------------
ഉണ്ണീ....ഉണ്ണിക്കുട്ടാ...അമ്മ ഇപ്പൊ വരാട്ടോ...അമ്മ ഉണ്ണിക്കുട്ടനെ കുളിപ്പിക്കാന്‍ ഇച്ചിരി എണ്ണ എടുക്കട്ടെ ട്ടോ. ഉണ്ണിയുടെ തലയില്‍ തേക്കാനുള്ള എണ്ണക്ക് ‍ വേണ്ടി അടുക്കളയിലേക്കു പോകുമ്പോള്‍ അറുപത്തിരണ്ടാം വയസ്സില്‍ തന്നെ അമ്മയാക്കിയ ദൈവത്തോട് നന്ദി പറയുകയായിരുന്നു സന്തോഷ വതിയായ ആ അമ്മ. യവ്വനത്തില്‍ ഉപേക്ഷിച്ചു പോയ ഭര്‍ത്താവും വിധവയായ തനിക്കു ഗര്‍ഭിണിയാവാന്‍ ബീജം നല്‍കിയ യുവാവും ഇപ്പോള്‍ അവരുടെ മനസ്സിലില്ല. ഉണ്ണി എല്ലാറ്റിനും മീതെ അവരുടെ ജീവ വായുവായി നിറഞ്ഞു നിക്കുന്നു. എണ്ണയുമായി തിരിച്ചുവന്ന അവര്‍ ഉണ്ണിയെ കണ്ടില്ല. ഉണ്ണിക്കുട്ടാ..ഈ കുട്ടി എവിടെ. ഉണ്ണീ കുസ്രിതി വേണ്ടാട്ടോ. അമ്മക്ക് വയ്യ നിന്റെ പിറകെ ഓടാന്‍..ഉണ്ണിക്കു ഈയിടെയായി കുസ്രിതി ഇത്തിരി കൂടുന്നുണ്ട്. മുറ്റത്തേക്കു ഓടിക്കാണും.
കയ്യിലിരിക്കുന്ന എണ്ണക്കുപ്പി കുളിമുറിയില്‍ വെക്കാന്‍ ചെന്ന ആ അമ്മ കണ്ടു ബക്കറ്റിലെ ജലത്തിന് മുകളില്‍ അനക്കമറ്റു കിടക്കുന്ന കുഞ്ഞിക്കാലുകള്‍.

Abdulkader kodungallur said...

ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞുനിന്ന ഹൃദയ ഭേദകമായ ഈ വാര്‍ത്ത കഥകളും, കവിതകളും, കഥാ പ്രസംഗ ങ്ങളുമായി ഒരുപാടാളുകളെ കരയിപ്പിചിട്ടുന്ട്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ ശ്രീ. വിമലിന്റെ "മിനി"യില്‍ ഒരു സാധാരണ ന്യുസിന്റെ പോലും പ്രത്യേകത കാണാന്‍ കഴിയുന്നില്ല. വഴിപാട് നേര്‍ന്നു പോയില്ലേ ആ നടയില്‍ ഒരു പോസ്റ്റ്‌ ഇട്ടേക്കാം എന്ന നിലയില്‍ ഒരു പോസ്റ്റ്‌ അവിടെ ഉണ്ടെന്നല്ലാതെ അതില്‍ വെളിച്ചമില്ല. ക്ഷമിക്കണം മുഖസ്തുതി പറഞ്ഞു നശിപ്പിക്കാന്‍ ഞാനാളല്ല. ഒരു നെല്ലിക്കയാകാന്‍ കഴിഞ്ഞാല്‍ അത് തന്നെ ഭാഗ്യം .

ജന്മസുകൃതം said...

വേണ്ട വിമല്‍ ഈ പരീക്ഷണം വേണ്ട...


ഒരു കാര്യം പറയട്ടെ .ഞാന്‍ സീയെല്ലെസ്സിന്റെ പുതിയ കവിതാസമാഹാരത്തിന്റെ പ്രകാശനത്തില്‍ പുസ്തകപരിചയം നടത്താന്‍ ഒരു വി.ഐ.പി.യോട് ആവശ്യപ്പെട്ടപ്പോള്‍, ബ്ലോഗ്‌ കമന്റ്‌ പോലെ പരിചയക്കാരുടെപ്രീതി നേടാന്‍ വായിച്ചുപോലും നോക്കാതെ 'കൊള്ളാം' 'നന്നായി' എന്ന് പറയുന്നത്‌ കേള്‍ക്കാനാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ മറ്റാരെ എങ്കിലും സമീപിക്കു എന്ന്.സത്യസന്ധമായി പറയുന്നത് കേള്‍ക്കാനനിഷ്ടം അതുകൊണ്ട് അങ്ങനെതന്നെ പറയണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു.ഒരഭിപ്രായം കേട്ടാല്‍ അത് നമ്മുടെ തെറ്റുകുറ്റങ്ങള്‍ തിരുത്താനും നല്ലകാര്യങ്ങള്‍ വളര്‍ത്താനും ഉപകരിക്കുന്നതാകണം അങ്ങനെ ചിന്തിക്കുമ്പോള്‍ ഈ കുഞ്ഞിക്കഥ കള്ക്കുള്ള നിര്‍ദ്ദേശങ്ങളും ശ്രമവും വിമല്‍ സ്വയം വിലയിരുത്തിനോക്കു.
അതേ കഥ മറ്റൊരാളുടെ വീക്ഷണത്തില്‍ വന്നപ്പോഴുള്ള മാറ്റവും....

അനില്‍കുമാര്‍ . സി. പി. said...

വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയും ഏറെപ്പേരെ വേദനിപ്പിക്കുകയും ചെയ്ത ആ സംഭവത്തിന്റെ തീവ്രത ഈ കഥ (?) ക്ക് ഇല്ലാതെ പോയി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു Incident Report വായിക്കുന്നപോലെ തലവര’ വായിക്കാം,ഒപ്പം ഒരു മിനിക്കഥയെന്ന് പേരും കൊടുക്കാം...അല്ലെ

ആളവന്‍താന്‍ said...

@ ശ്രീ - അതേ ശ്രീ, ഇത് അത് തന്നെ. (എന്‍റെ)
@ അക്ബര്‍ - നന്ദി മാഷേ പുതിയ ഒരു രീതി കൂടി നിര്‍ദ്ദേശിച്ചതിന് .
@ അബ്ദുല്‍ ഖാദര്‍ - ഇക്കാ പറയാനുള്ള കാര്യം തുറന്നു തന്നെ പറയുന്നതിന് ഒരിക്കല്‍ കൂടി നന്ദി പറയുന്നു. പറയാന്‍ ഉദ്ദേശിച്ച കാര്യം അതേ തീവ്രതയോടെ തന്നെ വായനക്കാരില്‍ എത്തിക്കാന്‍ കഴിയാത്തത് എന്‍റെ പരാജയം തന്നെയാണ്. ഇനി ഇങ്ങനെ ഒരു തെറ്റ് വരുത്താതിരിക്കാന്‍ ഞാന്‍ ആത്മാര്‍ഥമായി ശ്രമിക്കാം.
@ ലീല എം ചന്ദ്രന്‍ - ടീച്ചറെ.... അത് തന്നെ എന്‍റെയും അഭിപ്രായം. എനിക്ക് തെറ്റ് പറ്റി എന്ന് മനസ്സിലാകുന്നു. അത് എവിടെയാണെന്ന് എത്ര വായിച്ചിട്ടും മനസ്സിലാകുന്നില്ല! കൂടുതല്‍ നിര്‍ദേശങ്ങളുമായി ഇനിയും വരണം.
@ അനില്‍കുമാര്‍ - അനിയെട്ടാ, അതായിരിക്കും പറ്റിയത്.
@ ബിലാത്തിപ്പട്ടണം - അങ്ങനെ വേണോ ചേട്ടാ....

K@nn(())raan*خلي ولي said...

@@@

മാനിഷാദ!

ആശ്രമ വാസികളെ നിരാശരാക്കരുതെന്ന്..

**

വരയും വരിയും : സിബു നൂറനാട് said...

ഈ വാര്‍ത്ത പത്രത്തില്‍ വായിച്ചത് ഞാന്‍ ഓര്‍ക്കുന്നു. വല്ലാത്ത വിധി തന്നെ..!!

പട്ടേപ്പാടം റാംജി said...

തലവരേടെ ഗൗരവം കുറഞ്ഞ പൊലെ..

Manoraj said...

വിമല്‍,

ഇവിടെ എല്ലാവരും എന്തോ വലിയ ഒരു തെറ്റ് വിമല്‍ ചെയ്തു എന്ന രീതിയില്‍ കമന്റി കണ്ടു. എനിക്കെന്തോ അങ്ങിനെ തോന്നിയില്ല. കഥ വായിച്ച് കഴിഞ്ഞ് കമന്റാന്‍ തുടങ്ങുമ്പോഴാണ് കമന്റുകളും വിമലിന്റെ കുറ്റസമ്മതവും ഒക്കെ കാണുന്നത്. എന്തോ ആ ഒരു തീമിനെ അത്തരമൊരു ഡൈമന്‍ഷനില്‍ നോക്കിക്കാണാന്‍ ശ്രമിച്ചതില്‍ വലിയ അപാകതയൊന്നും എനിക്ക് തോന്നിയില്ല. പക്ഷെ ഒന്നുണ്ട്. വിമല്‍ പറഞ്ഞ കഥയേക്കാള്‍ നമുക്ക് കൂടുതല്‍ സാദ്ധ്യത തോന്നുക അക്‍ബറുടെ കഥക്കാണെന്ന് മാത്രം!! എന്നിരിക്കിലും ഒരു മിനിക്കഥ എന്ന നിലയില്‍ വിമലിന്റെ കഥയില്‍ അല്ലെങ്കില്‍ കഥ പറഞ്ഞ രീതിയില്‍ തെറ്റൊന്നും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നെ ഒരമ്മയെ അത്രക്ക് വിലകുറച്ച് കാണരുതെന്നാണ് എല്ലാവരും ഉദ്ദേശിക്കുന്നതെങ്കില്‍ അതിനോട് ഞാനും യോജിക്കുന്നു. ഇതൊക്കെ ചിലപ്പോള്‍ എന്റെ മണ്ടന്‍ ബുദ്ധിയില്‍ തോന്നിയതാവും. അങ്ങിനെയെങ്കില്‍ ക്ഷമിക്കുക

കുഞ്ഞൂസ് (Kunjuss) said...

ഈ അമ്മയുടെ ദുഖത്തെ 'തലവര'യില്‍ ഒതുക്കിക്കളയാന്‍ മാത്രമായി ഉള്ളതായിരുന്നോ?
എന്നാല്‍, വേറൊരു വീക്ഷണകോണിലൂടെ അത് നോക്കിക്കാണാനുള്ള ശ്രമം നന്നായിരിക്കുന്നു.

ഒഴാക്കന്‍. said...

തലവര

മാനസ said...

മനസ്സിലുള്ള ആശയം അതിന്‍റെ ഗൌരവത്തോടെയും ,തീവ്രതയോടെയും,
പോസ്റ്റിലേക്ക് പകരാന്‍ വിമലിന് കഴിഞ്ഞിട്ടില്ലെന്നുഎനിക്കും തോന്നി.
'തലവര' എന്ന തലക്കെട്ടിനു വേണ്ടി ഒരു ആശയം കണ്ടെത്തിയപോലെ ...
അടുത്ത പോസ്റ്റ്‌ ഭംഗിയാക്കണം,കേട്ടോ..

Anees Hassan said...

ummmmmmmmmmmmmm

Joy Palakkal said...

ഈ പത്രവാര്‍ത്ത ഞാനും വായിച്ചിരുന്നു....
ആശംസകളോടെ...

ഹാപ്പി ബാച്ചിലേഴ്സ് said...

അക്ബര്‍ ഇക്കാന്റെ കഥ ഇഷ്ടപ്പെട്ടു.. മനോരാജേട്ടന്റെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്യുന്നു..

Jishad Cronic said...

തലവര തന്നെ...

rafeeQ നടുവട്ടം said...

സംശുദ്ധമായ ചിന്തയോടുകൂടി ചന്തമുള്ള കഥ മെനയൂ..
പിന്നെ, സൈഡ്ബാറിലെ ''ശ്രമത്തിനെ പറ്റി'' എന്നത്, ശ്രമത്തെ പറ്റി എന്നാക്കിയാല്‍ ഒന്നുകൂടി ഒതുക്കമുണ്ടാകും.

Sulfikar Manalvayal said...

ആളൂ.. കഥ നന്നായി പറഞ്ഞു.
അക്ബര്‍ പറഞ്ഞ രീതി കണ്ടില്ലേ. അങ്ങിനെയും ഇത് പറയാം എന്ന് മനസിലായില്ലേ.
കുറഞ്ഞ വരികളില്‍ പറയാനുള്ള നിന്‍റെ ശ്രമം ഫലിക്കുന്നുണ്ട്. തുടരുക ഈ പരിശ്രമം.

ജയരാജ്‌മുരുക്കുംപുഴ said...

thalavara nannaayi..........

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആദ്യത്ത പൊസ്റ്റ് വായിച്ചു, പിന്നെ ഇതും.എന്താ പറയുക. എല്ലം തലേവര..

എല്ലാ ആശംസകളും

എന്‍.ബി.സുരേഷ് said...

വിമൽ, ചെറിയ കഥകൾക്ക് മുറുകിയ ഒരു മൂഡാണ് ആവശ്യം. കുളത്തിൽ കല്ലു വീഴുന്ന ഒരു അനുഭവം വായനക്കാരനുമുണ്ടാകണം.

നമ്മൾ ഒരുപാട് കേട്ട ഒരു സംഭവത്തെയാണ് കഥയാക്കിയത്.

എല്ലാവരുടെയും മനസ്സിൽ സംഭവം കിടക്കുന്നത് കൊണ്ടാണ് ആളുകൾക്ക് രസിക്കാതെ പോകുന്നത്.
പക്ഷേ കഥയിൽ അമ്മയുടെയും മകന്റെയും സ്നേഹവും ദുരന്തവും ഫീൽ ചെയ്യുന്നില്ല.

കഥ ചുരുക്കാനുള്ള വ്യഗ്രതയിൽ വല്ലാതെ സാങ്കേതികമാവുന്നോ എന്ന് സംശയം. പിന്നെ ഈ പ്രമേയം മിനിക്കഥയെക്കാൾ ചെറുകഥയ്ക്ക് വഴങ്ങുന്ന ഒന്നാണ്. കഥകൾ ചെറുതാകുംതോറും ക്രാഫ്റ്റിനെക്കുറിച്ചുള്ള ധ്യാനവുംകൂടുതൽ ആവശ്യമാണ്.

Sneha said...

ആ അമ്മയുടെ വേദനിക്കുന്ന മുഖം വീണ്ടും മനസ്സില്‍ തെളിഞ്ഞു..
എന്തിനാണ് ആവോ ഈശ്വരന്‍ ചിലര്‍ക്ക് ഇത്രയും ദുഃഖം നല്‍കുന്നത് ..?

ഹംസ said...

കഥ വായിച്ചു കഴിഞ്ഞു. കുഴപ്പമൊന്നുമില്ലാ എന്ന് എനിക്ക് തോന്നി. അക്ബര്‍ എഴുതിയത് വായിച്ചപ്പോള്‍ വിമല്‍ എഴുതിയതിനേക്കാള്‍ നന്നായി എന്നും തോന്നി. അതിന്‍റെ കാരണം എന്താ എന്ന് ഞാന്‍ സ്വയം ഒന്നു ചോദിക്കാന്‍ ശ്രമിക്കുമ്പോഴാണ് മറ്റുള്ളവരുടേ വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത് .
മനോരാജ് പറഞ്ഞ പോലെയെ എനിക്കും തോന്നുന്നുള്ളൂ..

sreee said...

ഒരുപാടു പേരെ കണ്ണുനീര്‍ അണിയിച്ച ദുരന്തം . TV യില്‍ 'കാലം മാറി , കഥ മാറി കാലാവസ്ഥ എല്ലാം മാറി ' എന്നാ പെയിന്റിന്റെ പരസ്യം കാണുമ്പൊള്‍ ഇപ്പൊഴു ആ കണ്ണനെ ഓര്‍ക്കാറുണ്ട് .( ആ കുട്ടിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ആപരസ്യം ). അമ്മയാകാനുള്ള ആഗ്രഹം മാത്രം ദൈവം സാധിച്ചു കൊടുത്തു. കുഞ്ഞിനെ ഈ പ്രായത്തില്‍ അവര്‍ എങ്ങനെ വളര്തുമെന്നത് കൊണ്ടാകാം അതിനെ തിരിച്ചു എടുത്തത്‌ .

അവര്‍ണന്‍ said...

പ്രിയ ബ്ലോഗ്ഗര്‍, ദയവായി 'ജലം' എന്ന വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്തു കൊണ്ട് വരുന്ന ഒക്ടോബര്‍ 15 ലെ ലോക Blog Action Day ല്‍ പങ്കെടുക്കുക.

വിജയലക്ഷ്മി said...

ഇങ്ങിനെ മിനികഥയായി എഴുതുമ്പോള്‍ കഥ യുടെ തീവ്രത നഷ്ട പ്പെട്ടത് പോലെ തോന്നി .
അക്ബര്‍ കഥ ഒന്നുകൂടി വിശദമാക്കി യിരിക്കുന്നു .ആശംസകള്‍

Avinash Bhasi said...

ചേട്ടാ കഥ കൊള്ളാം ,,പക്ഷെ അതിന്റെ അവസാന ഭാഗം എനിക്ക് വായിച്ചപ്പോൾ മനസിലായില്ലാ.. അക്ബറിന്റെ വായിച്ചാ ശേഷം വായിച്ചപ്പോൾ എനിക്ക് സംഭവം കത്തി ... അതിനര്ത്ഥം അക്ബരിന്റെത് താങ്ങളുടെതിനെക്കാൾ നല്ലതാണ് എന്നല്ല... അവസാന ഭാഗം ഒന്ന് കൂടെ എഡിറ്റ്‌ ചെയ്‌താൽ കുറച്ചു കൂടി ക്ലിയർ ആകും ... ഇതിൽ വലിയ തെറ്റൊന്നും ഞാൻ കണ്ടില്ല... കമന്റ്സ് കണ്ടിട്ട് താങ്ങൾ എന്തോ വല്യ തെറ്റ് ചെയ്ത പോലെ ആണ് അനുഭവപ്പെട്ടത് .... .... nice attempt anyway...