Pages

Tuesday, 5 April 2011

നിമിഷാര്‍ദ്ധം....മരവിപ്പ് കാരണമാവാം, അയാള്‍ക്ക്‌ ‌ വേദന എന്തെന്നറിയുന്നുണ്ടായിരുന്നില്ല. കീഴെ നിന്നും എന്തെല്ലാമൊക്കെയോ ശരീരത്തിലേക്ക് തറച്ചു കയറി. എല്ലുകള്‍ നുറുങ്ങുന്ന ശബ്ദം അയാള്‍ക്ക്‌ കേള്‍ക്കാമായിരുന്നു. മുകളിലെ ഭാരം താങ്ങാനാവാതായപ്പോള്‍ വയറിന്റെ വലതു ഭാഗം താനേ കീറി കുടലും മറ്റെന്തൊക്കെയോ അവയവങ്ങളും രക്തം അലിഞ്ഞുചേര്‍ന്ന കൊഴുത്ത ദ്രാവകവും പുറത്തേക്ക് വന്നു. ബോധം മറയാന്‍ തുടങ്ങുന്ന പോലെ. ഓര്‍മ്മകള്‍ പ്രിയപ്പെട്ടവരുടെ മുഖം പരതി നടന്നു. അമ്മയുടെ, ‘മക്കളേ...’ എന്ന സ്നേഹപൂര്‍വ്വമുള്ള വിളി കാതില്‍ മുഴങ്ങി. താന്‍ എത്തുന്നതും കാത്ത് ഉമ്മറത്ത് നില്ക്കുന്ന ഗര്‍ഭിണിയായ ഭാര്യയുടെ രൂപം ഉള്ളില്‍ എവിടെയോ മിന്നി മറഞ്ഞു.... അയാളുടെ ശരീരത്തില്‍ നിന്നും ലോറിയുടെ ചക്രം ഇറങ്ങിപ്പോയി; പ്രാണനും!

Sunday, 21 November 2010

മാന്യമഹാജനങ്ങളേ..!!!!

എന്ത് വൃത്തികേടും കാണിക്കും, കേട്ടാലും കണ്ടാലും അറപ്പുളവാകുന്ന എന്തും. പക്ഷെ കാര്യം പുറത്തറിയുമ്പോള്‍ ചെയ്തയാള്‍ ഒഴികെ ബാക്കി എല്ലാവരും മാന്യന്മാര്‍ ‍. ആ മാന്യദേഹങ്ങളില്‍ നിന്നും തന്നെ നാളെ അടുത്തയാളും പിടിക്കപ്പെടും. ഒരു പക്ഷെ ഒന്നാമനെപ്പോലും ലജ്ജിപ്പിക്കുന്ന പ്രവൃത്തിയിലൂടെ....... അപ്പോഴും ഉണ്ടാകും മാന്യന്മാര്‍ ബാക്കി...!!

Friday, 8 October 2010

ദൈവദൂതര്‍


കുഞ്ഞുമായി അവള്‍ കാറില്‍ നിന്നും പുറത്തിറങ്ങി. മുന്നില്‍ കാണുന്ന വാതില്‍ തുറന്ന് വീടിനുള്ളിലേക്ക് കയറിക്കൊള്ളാന്‍ സര്‍ജിക്കല്‍ ഗ്ലൌ ധരിച്ച കൈ കൊണ്ട് അവളോട്‌ ആംഗ്യം കാട്ടി, അവള്‍ ഇരുന്ന സീറ്റ് ഡെറ്റോളില്‍ കുതിര്‍ന്ന പഞ്ഞി കൊണ്ട് അയാള്‍ തുടച്ചു. വാതില്‍ തുറന്ന് കയറുമ്പോള്‍ ഉള്ളിലുള്ളവര്‍ അറപ്പോടെയാണ് അവളെയും കുഞ്ഞിനേയും നോക്കിയത്. ഒരുവന്‍ മൂക്ക് പൊത്തി അടുത്തിരുന്നവനോട് എന്തോ പറഞ്ഞു. അവന്‍ മുറിക്കുള്ളിലേക്ക് പോയി നല്ല മണമുള്ള വിദേശ നിര്‍മിതമായ ഒരു സോപ്പും ഒരു സാരിയും കൊണ്ടുവന്ന് അവള്‍ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു - "കുളിയും നനയും ഒന്നും ഇല്ലല്ലോ നിനക്ക്... ദാ അതാ കുളിമുറി. വൃത്തിയായി കുളിച്ചേച്ചു വാ. കൊച്ചിനേം കുളിപ്പിച്ചോ. എന്നാ വൃത്തികെട്ട നാറ്റവാ രണ്ടിനേം... ഹോ!" നിര്‍വികാരയായി ചിരിച്ചുകൊണ്ട് കുളിമുറിയിലേക്ക് കയറുമ്പോഴും, ചേരിയിലെയും കടത്തിണ്ണകളിലെയും അഴുക്കും മെഴുക്കും ചേര്‍ന്ന് കട്ടി പിടിച്ച അവളുടെ ഉടുതുണിയുടെ ഒരു ഭാഗം നിലത്തിഴഞ്ഞിരുന്നു.

ആദ്യമായി കിട്ടിയ കളിപ്പാട്ടവുമായി കുഞ്ഞ് നിലത്തു കിടന്ന് കൈകാലിളക്കി കളിച്ചപ്പോള്‍ ഒരു ചുവരിനപ്പുറം അവള്‍ മറ്റു ചിലര്‍ക്ക് കളിപ്പാട്ടമായി. ഒടുവില്‍ നൂറ് രൂപാ നോട്ടിന്റെ മണം ആദ്യമായി നുകര്‍ന്ന്കൊണ്ട് തന്‍റെ കുഞ്ഞിനെ വാരിയെടുത്തു ചുംബിക്കുമ്പോള്‍ അവള്‍ മനസ്സ് കൊണ്ട് പറഞ്ഞു പോയി, ഉള്ളിലുള്ള സാറന്മാര്‍ ദൈവദൂതരാണെന്ന്. കുഞ്ഞുമായി അവള്‍ നടന്നകലുമ്പോഴും 'ദൈവദൂതര്‍' മുറിക്കുള്ളില്‍ തളര്‍ന്നുറങ്ങുകയായിരുന്നു!

Wednesday, 18 August 2010

തലവര!


വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ട് 62 മത്തെ വയസ്സില്‍ അമ്മയായായ തന്‍റെ ഭാഗ്യത്തെ പുകഴ്ത്തിയ പഴയ പേപ്പര്‍ കട്ടിങ്ങുകളില്‍ നിന്നും കണ്ണും മനവും എടുക്കുമ്പോള്‍, എന്നോ ഉപേക്ഷിച്ച ഭര്‍ത്താവും തന്നെ ഗര്‍ഭിണിയാക്കാനുള്ള കോണ്ട്രാക്റ്റ് ഭംഗിയായി അവസാനിപ്പിച്ച് 'ബില്ലും' വാങ്ങിപ്പോയ 26 കാരനും ആയിരുന്നില്ല അവരുടെ മനസ്സില്‍. ചിന്തയില്‍ നിന്നുണര്‍ന്ന അവര്‍, തന്‍റെ അടുത്ത് കളിച്ചു കൊണ്ടിരുന്നിരുന്ന മൂന്നു വയസ്സുകാരനെ കണ്ടില്ല.! അവന്‍റെ, അമ്മേ എന്ന വിളി കേട്ടില്ല.! ഒടുവില്‍ അകത്തെ കുളിമുറിയില്‍ വെള്ളം നിറച്ച ബക്കറ്റില്‍ ഉയര്‍ന്നു നിന്ന കുഞ്ഞിക്കാലുകള്‍ കണ്ട അവര്‍ ഒരിക്കല്‍ കൂടി ദൈവത്തെ ശപിച്ചുപോയപ്പോള്‍ ദൈവം പറയാതെ പറഞ്ഞിരിക്കണം.... അത് നിന്‍റെ 'തലവര' എന്ന്.

Thursday, 12 August 2010

കഥ തുടരുന്നു....


പ്രേമിച്ചു നടന്നപ്പോള്‍ എന്നോടുണ്ടായിരുന്ന സ്നേഹം എന്തേ കല്യാണം നിശ്ചയിച്ച ശേഷം അവന് കുറഞ്ഞു? എന്തിനാ എന്നും അവന്‍ വന്ന് എന്റെ അമ്മയുമായി അകത്തെ മുറിയില്‍ കയറി വാതില്‍ കൊട്ടിയടയ്ക്കുന്നെ?

ചോദ്യങ്ങള്‍ മനസ്സിനെ വീര്‍പ്പ് മുട്ടിച്ചപ്പോള്‍ അവള്‍ ഓടിച്ചെന്ന് അച്ഛനോട് കാര്യം പറഞ്ഞു. അയാള്‍ അവളെ മാറോട് ചേര്‍ത്ത്, തോളില്‍ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു- “സാരമില്ല മോളെ, മോള്‍ക്ക്‌ ‌ അച്ഛനില്ലേ?” ഒരു വാതില്‍ കൂടി കൊട്ടിയടയ്ക്കപ്പെട്ടു.പിന്നീട് അവള്‍ക്ക് പരാതി പറയാന്‍ ആ വീട്ടില്‍ വേറെ അംഗങ്ങള്‍ ഇല്ലായിരുന്നു.എല്ലാം അവള്‍ ഉള്ളില്‍ ഒതുക്കി.
കഥ തുടരുന്നു........!!