
മരവിപ്പ് കാരണമാവാം, അയാള്‍ക്ക് വേദന എന്തെന്നറിയുന്നുണ്ടായിരുന്നില്ല. കീഴെ നിന്നും എന്തെല്ലാമൊക്കെയോ ശരീരത്തിലേക്ക് തറച്ചു കയറി. എല്ലുകള്‍ നുറുങ്ങുന്ന ശബ്ദം അയാള്‍ക്ക് കേള്‍ക്കാമായിരുന്നു. മുകളിലെ ഭാരം താങ്ങാനാവാതായപ്പോള്‍ വയറിന്റെ വലതു ഭാഗം താനേ കീറി കുടലും മറ്റെന്തൊക്കെയോ അവയവങ്ങളും രക്തം അലിഞ്ഞുചേര്‍ന്ന കൊഴുത്ത ദ്രാവകവും പുറത്തേക്ക് വന്നു. ബോധം മറയാന്‍ തുടങ്ങുന്ന പോലെ. ഓര്‍മ്മകള്‍ പ്രിയപ്പെട്ടവരുടെ മുഖം പരതി നടന്നു. അമ്മയുടെ, ‘മക്കളേ...’ എന്ന സ്നേഹപൂര്‍വ്വമുള്ള വിളി കാതില്‍ മുഴങ്ങി. താന്‍ എത്തുന്നതും കാത്ത് ഉമ്മറത്ത് നില്ക്കുന്ന ഗര്‍ഭിണിയായ ഭാര്യയുടെ രൂപം ഉള്ളില്‍ എവിടെയോ മിന്നി മറഞ്ഞു.... അയാളുടെ ശരീരത്തില്‍ നിന്നും ലോറിയുടെ ചക്രം ഇറങ്ങിപ്പോയി; പ്രാണനും!