
കുഞ്ഞുമായി അവള്‍ കാറില്‍ നിന്നും പുറത്തിറങ്ങി. മുന്നില്‍ കാണുന്ന വാതില്‍ തുറന്ന് വീടിനുള്ളിലേക്ക് കയറിക്കൊള്ളാന്‍ സര്‍ജിക്കല്‍ ഗ്ലൌ ധരിച്ച കൈ കൊണ്ട് അവളോട് ആംഗ്യം കാട്ടി, അവള്‍ ഇരുന്ന സീറ്റ് ഡെറ്റോളില്‍ കുതിര്‍ന്ന പഞ്ഞി കൊണ്ട് അയാള്‍ തുടച്ചു. വാതില്‍ തുറന്ന് കയറുമ്പോള്‍ ഉള്ളിലുള്ളവര്‍ അറപ്പോടെയാണ് അവളെയും കുഞ്ഞിനേയും നോക്കിയത്. ഒരുവന്‍ മൂക്ക് പൊത്തി അടുത്തിരുന്നവനോട് എന്തോ പറഞ്ഞു. അവന്‍ മുറിക്കുള്ളിലേക്ക് പോയി നല്ല മണമുള്ള വിദേശ നിര്‍മിതമായ ഒരു സോപ്പും ഒരു സാരിയും കൊണ്ടുവന്ന് അവള്‍ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു - "കുളിയും നനയും ഒന്നും ഇല്ലല്ലോ നിനക്ക്... ദാ അതാ കുളിമുറി. വൃത്തിയായി കുളിച്ചേച്ചു വാ. കൊച്ചിനേം കുളിപ്പിച്ചോ. എന്നാ വൃത്തികെട്ട നാറ്റവാ രണ്ടിനേം... ഹോ!" നിര്‍വികാരയായി ചിരിച്ചുകൊണ്ട് കുളിമുറിയിലേക്ക് കയറുമ്പോഴും, ചേരിയിലെയും കടത്തിണ്ണകളിലെയും അഴുക്കും മെഴുക്കും ചേര്‍ന്ന് കട്ടി പിടിച്ച അവളുടെ ഉടുതുണിയുടെ ഒരു ഭാഗം നിലത്തിഴഞ്ഞിരുന്നു.
ആദ്യമായി കിട്ടിയ കളിപ്പാട്ടവുമായി കുഞ്ഞ് നിലത്തു കിടന്ന് കൈകാലിളക്കി കളിച്ചപ്പോള്‍ ഒരു ചുവരിനപ്പുറം അവള്‍ മറ്റു ചിലര്‍ക്ക് കളിപ്പാട്ടമായി. ഒടുവില്‍ നൂറ് രൂപാ നോട്ടിന്റെ മണം ആദ്യമായി നുകര്‍ന്ന്കൊണ്ട് തന്‍റെ കുഞ്ഞിനെ വാരിയെടുത്തു ചുംബിക്കുമ്പോള്‍ അവള്‍ മനസ്സ് കൊണ്ട് പറഞ്ഞു പോയി, ഉള്ളിലുള്ള സാറന്മാര്‍ ദൈവദൂതരാണെന്ന്. കുഞ്ഞുമായി അവള്‍ നടന്നകലുമ്പോഴും 'ദൈവദൂതര്‍' മുറിക്കുള്ളില്‍ തളര്‍ന്നുറങ്ങുകയായിരുന്നു!